
തിരുവനന്തപുരം: സിപിഎമ്മിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ശൈലിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് മുതിർന്ന നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എംഎൽഎ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്.ആർ. വിനയകുമാർ പാർട്ടി ബന്ധം അവസാനിപ്പിക്കുന്നു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കൈവെടിഞ്ഞ് പാർട്ടി പിണറായിസത്തിലേക്ക് ചുരുങ്ങിയെന്നും ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
പിണറായി വിജയൻ എന്നാൽ സിപിഎമ്മെന്നും സിപിഎം എന്നാൽ പിണറായി വിജയനെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടെന്നും വിനയകുമാർ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും സംഘടനാ മൂല്യങ്ങൾക്കും പാർട്ടിയിൽ ഇന്ന് സ്ഥാനമില്ല. കുറേക്കാലമായി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളെ പ്രതിരോധിക്കുന്നതിൽ മാത്രമാണ് പാർട്ടിയുടെ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് ഏറ്റുവാങ്ങിയിട്ടും നേതൃത്വം തിരുത്തലുകൾക്ക് തയ്യാറാകുന്നില്ലെന്നും വിനയകുമാർ കുറ്റപ്പെടുത്തി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട സംസ്ഥാന കമ്മിറ്റി യോഗത്തിൽ താനോ പിണറായി വിജയനോ മാറുന്നില്ലെന്ന നിലപാടാണ് എം.വി. ഗോവിന്ദൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ വീഴ്ചകൾ പാർട്ടി അണികളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. നേതാക്കളെ സ്തുതിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ പാർട്ടിയിൽ പരിഗണന ലഭിക്കുന്നതെന്നും അടിമയെപ്പോലെ തുടരാൻ താൽപര്യമില്ലെന്നും വിനയകുമാർ വ്യക്തമാക്കി.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ളയാളാണ് എസ്.ആർ. വിനയകുമാർ. 2023ൽ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതിന് വിനയകുമാർ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന് എംഡി പദവി ഒഴിയേണ്ടിവന്നു.
അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോടും മകൻ ബിനീഷ് കോടിയേരിയോടും പാർട്ടി നേതൃത്വം അവഗണന കാണിക്കുന്നുവെന്ന വിമർശനങ്ങൾ നേരത്തെയും ചില കോണുകളിൽനിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ ബന്ധു കൂടിയായ വിനയകുമാറിന്റെ പാർട്ടി വിടാനുള്ള തീരുമാനം ശ്രദ്ധേയമാകുന്നത്.










